കായംകുളം: തച്ചടി പ്രഭാകരൻ സ്മാരക കായംകുളം ഗവ.ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് നഗരസഭ 39 -ാം വാർഡിൽ ചാലാപള്ളി തോടിന് സമീപമാണ് വർഷങ്ങളായി ഹോമിയോ ആശുപത്രി പ്രവർത്തിച്ചുവന്നിരുന്നത്. കെട്ടിട നിർമാണത്തിലെ അശാസ്ത്രീയത കാരണം ആശുപത്രിക്കുള്ളിൽ മഴക്കാലത്ത് വെള്ളം കയറുക പതിവായിരുന്നു. ഇതിനുപുറമേ കെട്ടിടം ജീർണ അവസ്ഥയിലായതോടെ പ്രവർത്തനം വാടക കെട്ടിടത്തിലേക്ക് മാറുകയായിരുന്നു.
രണ്ടുവർഷമായി ആശുപത്രി ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് ഐക്യജംഗ്ഷനിലുള്ള വാടക വീട്ടിലാണ്. ഒപി, ഐപി, ഫാർമസി, ലബോറട്ടറി, ഫിസിയോതെറാപ്പി എന്നിവയെല്ലാം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ആശുപത്രി ഘടനയിലുള്ള കെട്ടിടമല്ലാത്തതിനാൽ സൗകര്യങ്ങൾ പരിമിതമാണ്.
ഹോമിയോ വിഭാഗത്തിൽ ജില്ലയിൽ ജില്ലാ ഹോമിയോ ആശുപത്രി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണിത്. ഹോമിയോ മേഖലയിലെ സ്പെഷ്യാലിറ്റി ചികിത്സകൾ ഇവിടെ ലഭ്യമാണ്. തച്ചടി പ്രഭാകരൻ സ്മാരക കമ്മിറ്റിയുടെ പരിശ്രമ ഫലമായി ലഭിച്ച 30 സെന്റോളം വരുന്ന പഴയ കെട്ടിടം നിലനിന്ന സ്ഥലത്ത് ആധുനിക സൗര്യങ്ങളോടെ പുതിയ കെട്ടിടം നിർമിച്ചാൽ ഹോമിയോ രംഗത്തെ സ്പെഷ്യൽ ക്ലിനിക്കുകൾ ഉൾപ്പെടെയുള്ള സേവനങ്ങൾ കായംകുളം ഗവ.ഹോമിയോ ആശുപത്രി വഴി ജനങ്ങൾക്ക് ലഭ്യമാക്കാം.